ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗവേഷണത്തിനായി ആറായിരത്തോളം എലൈറ്റ് ഫുട്ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങള്‍ ഫുട്‌ബോള്‍ കളിക്കാത്ത 56,000 പേരുടെ ആരോഗ്യവിവരങ്ങളുമായി താരതമ്യപ്പെടുത്തി.സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്ബോളര്‍മാരില്‍ 9 ശതമാനത്തിനും നാഡീവ്യൂഹം ക്ഷയിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ബോള്‍ ഹെഡ് ചെയ്യുന്നതാകാം ഫുട്ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സ്‌കോട്ലന്‍ഡില്‍ മുന്‍പ് നടത്തിയ ഒരു പഠനവും ഫുട്ബോള്‍ കളിക്കാരില്‍ ന്യൂറോഡീജനറേറ്റീവ് രോഗ സാധ്യത 3.5 മടങ്ങ് അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചില രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ പ്രായം കുറഞ്ഞ വിഭാഗങ്ങളിലെ കളിക്കാര്‍ പരിശീലന സമയങ്ങളില്‍ ഹെഡ് ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.