നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കണ്ടെയിൻമെന്റ് സോണുകളായ 7 പഞ്ചായത്തുകൾക്ക് പുറമയാണിത്.
അതിനിടെ നിയമസഭയിൽ നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുണ്ടായിട്ടും പുനെയിലേക്ക് അയച്ചതിലെ ആരോഗ്യമന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രി തള്ളുകയായിരുന്നു. പൂനയിലേക്ക് സാംപിളുകൾ അയച്ചത് സാങ്കേതിക നടപടി എന്നായിരുന്നു വീണാ ജോർജ്ജിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമായിട്ടും എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം പൊതുവിൽ ഉയരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
എന്നാൽ രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർ നിർബന്ധമായും ക്വാറന്റൈയിനിൽ കഴിയണമെന്നും പനിയുള്ളവർ ഉടൻ തന്നെ ചികിൽസ തേടണമെന്നും,കൂടാതെ ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സ മാർഗരേഖയിൽ പറയുന്നു. എന്നാൽ മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലായതിനെ തുടർന്ന് മലപ്പുറത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് .ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.