ഡോക്ടര്‍ വന്ദനാദാസ് കൊലപാതകത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കേരളത്തെ നടുക്കിയ ഡോക്ടര്‍ വന്ദനാദാസ് കൊലപാതകത്തില്‍ 84 ആം ദിവസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണസംഘം. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കൊലപാതകം നേരില്‍ കണ്ട ആശുപത്രി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, പൊലീസുകാര്‍ ഉള്‍പ്പടെ 136 സാക്ഷികളുടെ മൊഴികള്‍, കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ഉപകരണം, സിസിടിവി ദൃശ്യങ്ങള്‍, സന്ദീപിന്റെ ഷര്‍ട്ടിലെ വന്ദനാദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. വിചാരണ തീയതി പിന്നീട് തീരുമാനിക്കും.