പക്ഷാഘാതം വന്ന രോഗികള്‍ തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം

പക്ഷാഘാതം വന്ന രോഗികള്‍ക്ക് ആശുപത്രിവിട്ടശേഷം തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം. കൊല്ലം ജില്ലയില്‍ 896 രോഗികളില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഒരുവര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അച്യുതമേനോന്‍ സെന്ററിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ ന്യൂറോളജി വകുപ്പ് മേധാവി ഡോ. പി. എന്‍. ഷൈലജയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. സമൂഹത്തില്‍ 35 ശതമാനം രോഗികള്‍മാത്രമാണ് ആറുമാസത്തിനിടെ രക്തസമ്മര്‍ദവും പ്രമേഹവും പരിശോധിച്ചിട്ടുള്ളത്. 70 ശതമാനം പേര്‍മാത്രമാണ് മരുന്ന് ഉപയോഗം തുടരുന്നത്. പക്ഷാഘാതം വന്നവരില്‍ അഞ്ചുമുതല്‍ 15 ശതമാനംപേര്‍ക്ക് ഒരുവര്‍ഷത്തിനിടെ വീണ്ടും രോഗംവരാനുള്ള സാധ്യത കൂടുതലായതിനാല്‍ അത് തടയാനായി തുടര്‍ചികിത്സയും നിരീക്ഷണവും ആവശ്യമാണ്.