കാൻബറ: കേരളത്തിലടക്കം അതിമാരക ലഹരിയായി കരുതപ്പെടുന്ന എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഓസ്ട്രേലിയ. ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് എംഡിഎംഎയോ മാജിക് മഷ്റൂമോ ഉപയോഗിച്ചുള്ള ചികിത്സ നല്കാമെന്ന് ഓസ്‌ട്രേലിയ തെറാപ്യൂട്ടിക്ക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറിലൂടെ കടന്നുപോകുന്നവര്‍ക്ക് എംഡിഎംഎയും വിഷാദരോഗികള്‍ക്കായി മാജിക് മഷ്റൂമുമാണ് അനുവദിക്കപ്പെട്ടത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സിലോസൈബിന്‍ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. പല രോഗികളിലും ഈ ലഹരിമരുന്ന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിയമവിധേയമാക്കുന്നത്.