സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.