തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം അമീബയുടെ ആക്രമണത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: സംസ്ഥാനത്ത് തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം അമീബയുടെ ആക്രമണത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ 15 വയസ്സുകാരന്‍ ഗുരുദത്ത് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കുളത്തിൽ കുളിച്ചതിനെ തുടര്‍ന്നാണ് അമീബ വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരം. ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്‌ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.