തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍, വാര്‍ഡുകളില്‍ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും. ജീവിത ശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വര്‍ധിക്കുന്ന രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, സ്ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നല്‍കുന്നതിനും, അവയെ പ്രതിരോധിക്കുന്നതിനും, യോഗ പരിശീലനത്തോടു കൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകള്‍ വളരെയേറെ സഹായകമാകും. വിവിധ എന്‍.ജി.ഒ.കള്‍, യോഗ അസോസിയേഷനുകള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കുമെന്നും, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.