അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.