വാഷിംഗ്ടൺ: കുട്ടികളിലെ സ്മാർട്ട് ഫോണിന്റെ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ. ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്. കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് അവരുടെ മാനസികാരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഇതിനായി 18 മുതൽ 24 വയസുവരെ പ്രായമുള്ളവരിൽ നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ് മനുവിന്‍റെ പ്രതികരണം. സ്മാർട്ട്ഫോൺ ചെറുപ്രായത്തിൽ തന്നെ അമിതമായി ഉപയോഗിച്ച് തുടങ്ങുന്നവർ വലുതാകുമ്പോൾ മാനസിക വൈകല്യങ്ങൾ നേരിടാനുള്ള സാധ്യതയെയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ ‘സാപിയൻ ലാബ്സ്’ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്.