നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം

മുംബൈ: മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രത്തിന്‍റെ ഹുക്ക് അഴിച്ചുമാറ്റാനും വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടതായി ആരോപണം. സമൂഹ മാധ്യമങ്ങളിലൂടെ പരീക്ഷാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഡ്രെസ് കോഡ് പാലിക്കാനായി ദേഹ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തില്‍ നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .വനിതാ പരീക്ഷാര്‍ത്ഥികളോട് ഇത്തരം രൂക്ഷമായ ദേഹപരിശോധനാ നയം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദമാക്കി. 2022ലെ നീറ്റ് പ്രവേശന പരീക്ഷാ സമയത്ത് കൊല്ലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത് വന്‍ വിവാദമായിരുന്നു.