തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസേപ്പിന്റെ മൊബൈൽ ആപ്ലിക്കേഷന്റെ ഉൽഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സർക്കാർ ജീവനക്കാർ, പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്വെയർ ഡിവിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനും ഇനിയുണ്ടാകും. പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ നടപ്പിലാക്കുന്നത്. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ സാധിച്ചു.