തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. ആശുപത്രിയിൽ എത്തിച്ച യുവാവിന് ആറര മണിക്കൂറോളം മതിയായ ചികിത്സ ലഭിച്ചില്ലായെന്നാണ് ആരോപണം. വേദനസംഹാരി നല്‍കി കോറിഡോറിലേയ്ക്ക് മാറ്റിക്കിടത്തിയെന്നും ബോധം നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് ഡോക്ടര്‍ തിരിഞ്ഞു നോക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഗിൽജിത്താണ് മരിച്ചത്. ഗിൽജിത്ത് സഞ്ചരിച്ച ബൈക്ക് കൊല്ലത്ത് വെച്ച് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ഒന്നരമാസമെടുക്കുമെന്ന് മറുപടി ലഭിച്ചതായും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ചികില്‍സാനിഷേധം സംബന്ധിച്ച പരാതിയൊന്നും ലഭിച്ചില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ മറുപടി.