തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് വ്യത്യസ്തത പുലർത്തി കിളിമാനൂർ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രം. ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി കർശനമായി ശുചിത്വം പാലിക്കപ്പെടുന്ന ഒ. പി, സ്ത്രീ സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്നവർക്ക് വായിക്കാൻ നിറയെ പുസ്തകങ്ങൾ ഉള്ള ഓപ്പൺ ലൈബ്രറി, ഇരിക്കാൻ വൃത്തിയുള്ള ഇരിപ്പിടങ്ങൾ, ടെലിവിഷൻ, രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ ഡോക്ടറുടെ സേവനം, ലാബ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ആശുപത്രിയിലെ കാന്റീനിൽ എല്ലാ ശനിയാഴ്ചയും സൗജന്യ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. വിശാലമായ ഒരു ഡൈനിങ് ഹാളും, ജിമ്മും, ചെറിയ പാർക്കും, ഔഷധ തോട്ടവും ആശുപത്രി ക്യാമ്പസിലുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് ജിമ്മിന്റെ പ്രവർത്തനം. പഞ്ചായത്തിന്റെ സഹായത്തോടുകൂടി ഒരു പരിശീലകനെയും നിയമിച്ചിട്ടുണ്ട്. കശുവണ്ടി തൊഴിലാളികൾ ധാരാളമുള്ള പ്രദേശത്ത് ആശുപത്രി മുൻകൈയെടുത്ത് നടത്തിയ ‘സുരക്ഷാ പദ്ധതി’യും വിജയകരമായിരുന്നു. കശുവണ്ടി തൊഴിലാളികളിലെ ക്യാൻസർ സാധ്യത മുൻകൂട്ടി കണ്ടെത്തുന്നതായിരുന്നു പദ്ധതി.