ജനീവ: നാല് വർഷത്തോളമായി ലോകത്തെ അലട്ടികൊണ്ടിരിക്കുന്ന കോവിഡ് ഇനി മഹാമാരിയല്ല. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് കൊറോണയെ ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സമിതിയുടെ 15-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2020 ജനുവരി 30നാണ് കൊവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.