കോഴിക്കോട്: കോഴിക്കോട് ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹർഷിന. പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർജറിക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്നും, ശാരീരിക മാനസിക വേദനകൾ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയെ ഫോണിൽ സംസാരിക്കാൻ പോലും കിട്ടിയില്ലെന്ന് ഹർഷിനയുടെ ഭർത്താവ് പറഞ്ഞു. നേരത്തെ ആരോഗ്യവകുപ്പ് ഹർഷീനയ്ക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിൽ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും, 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളതെന്നും, ഇല്ലാത്ത ആരോപണങ്ങൾ അല്ല ഉന്നയിക്കുന്നതെന്നും ഹർഷീനയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.