സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കി

ഇൻഡോർ: സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവം വിവാദത്തിൽ. മധ്യപ്രദേശ് സർക്കാരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നടന്ന സമൂഹ വിവാഹത്തിലായിരുന്നു സംഭവം. 219 പെൺകുട്ടികളിൽ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ വിവാഹം നടത്താത്ത സംഭവത്തിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. മുമ്പൊരിക്കലും ഇത്തരം പരിശോധനകൾ നടത്തിയിട്ടില്ലെന്നും ഇത് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും അപമാനമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സാധാരണ പ്രായം സ്ഥിരീകരിക്കുന്നതിനും ശാരീരിക ക്ഷമത പരിശോധിക്കുന്നതിനും മാത്രമാണ് പരിശോധനകൾ നടത്താറുള്ളതെന്ന് ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പറഞ്ഞു. സംഭവത്തിനെതിരെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥും രംഗത്തെത്തി. ‘മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന’പദ്ധതിയിലാണ് സമൂഹവിവാഹം നടത്തുന്നത്.