ലണ്ടൻ: കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഇരുപത് പ്രമേഹ രോഗികളിൽ ഒരെണ്ണം കോവിഡുമായി ബന്ധപ്പെട്ടിരിക്കാം എന്ന് ഗവേഷകർ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച 6,29,935 പേരുടെ രേഖകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ പിൽക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നും കോവിഡ് സ്ഥിരീകരിച്ചവരിൽ പിന്നീട് ടൈപ് 1, ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, വൈറസ് ബാധിതരിൽ ഒരുവർഷത്തിനകം ടൈപ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം സ്ഥിരീകരിച്ച നൂറുപേരിൽ 3 മുതൽ -5 ശതമാനവും കോവിഡ് വൈറസുമായി ബന്ധപ്പെട്ടവയാണെന്ന് ഗവേഷകർ പറയുന്നു.