ട്രാന്‍സ്മാന്‍ പൈലറ്റായ ആദം ഹാരിയുടെ സ്വപ്നങ്ങള്‍ക്ക് കൈത്താങ്ങായി സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റായ ആദം ഹാരിയുടെ പറക്കാനുള്ള സ്വപ്നങ്ങള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ കൈത്താങ്ങ്. ആദം ഹാരിയുടെ പൈലറ്റ് പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ 23,34,400 രൂപയില്‍ അനുവദിക്കാന്‍ ബാക്കിയുള്ള 17,69,158 രൂപ കൂടി സാമൂഹിക നീതി വകുപ്പ് അനുവദിച്ചു. മന്ത്രി ബിന്ദുവാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി വകയിരുത്തിയ തുകയില്‍ നിന്നും 25,43,062 രൂപയാണ് ആദത്തിന്റെ പഠനത്തിനായി അനുവദിച്ചത്. സിവില്‍ ഏവിയേഷന്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്‍പേ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ദക്ഷിണാഫ്രിക്കയില്‍ പത്തു മാസത്തെ വൈമാനിക പരിശീലനം പൂര്‍ത്തീകരിക്കാന്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞൂ. രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം.