ദുബായ്: ദുബൈയിൽ സമൂഹ മാധ്യമത്തിലൂടെ വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് ജയിൽ ശിക്ഷ. ഫെയ്സ്ബുക്കിൽ പരസ്യം കണ്ട യുവാവ് കേന്ദ്രവുമായി ബന്ധപ്പെട്ട് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുകയായിരുന്നു.സ്ഥാപനത്തിന്റെ ഉടമ അയാൾക്ക് മസാജ് പാർലർ സ്ഥിതി ചെയ്യുന്ന വിലാസവും കെട്ടിട നമ്പറും അയച്ചുകൊടുത്തു.യുവാവ് അവിടെ എത്തുകയും ആഫ്രിക്കൻ യുവതിയെ കാണുകയും ചെയ്തു. അപ്പാർട്ട്‌മെന്റിൽ കയറിയ ഉടൻ തന്നെ മൂന്ന് പേർ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവാവ് മൊഴിയിൽ പറയുന്നു. പണവും ബാങ്ക് കാർഡും അക്രമികൾക്ക് കൈമാറാൻ
അവർ നിർബന്ധിച്ചു.യുവാവിന്റെ ബാങ്ക് കാർഡും രഹസ്യ നമ്പറുകളും കൈക്കലാക്കിയ പ്രതികൾ അക്കൗണ്ടിൽ നിന്ന് 50,000 ദിർഹം പിൻവലിച്ചു.തുടര്‍ന്ന് ഇയാളെ വ്യാജ കേന്ദ്രത്തിനുള്ളിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. അവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. തന്റെ സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെയാണ് കുറ്റം ചെയ്തതെന്നും പ്രതി സമ്മതിച്ചു. ഇടപാടിന്റെ ഭാഗമായി 3,500 ദിർഹം ലഭിച്ചതായും ഇയാൾ സമ്മതിച്ചു. ദുബായ് ക്രിമിനൽ കോടതിയിലേക്ക് പിടികൂടിയയാളെ റഫർ ചെയ്‌തു. ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് വിചാരണ കോടതി വിധിച്ചു. മറ്റുള്ളവരെ പിടികൂടാനായിട്ടില്ലെങ്കിലും ഇവരുടെ അസാന്നിധ്യത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു. യുവാവിന് നഷ്‌ടമായ തുക ഒരുമിച്ച് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.