മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു

ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ് മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും സംയുക്തമായി നാട്ടിലെത്തിച്ചത്. കൊച്ചിയിലെത്തിയ യുവാവിനെ നോർക്കയുടെ പ്രത്യേക ആംബുലൻസിൽ തുടർ ചികിത്സകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന അഭിക്ക് തുടർചിത്സക്ക് പണം സ്വരൂപിക്കുന്നതിനായി യുവാവിന്റെ അമ്മയുടെ പേരിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ചികിത്സാ സഹായ നിധി ആരംഭിച്ചിട്ടുണ്ട്. കപ്പൽ ജോലിക്കായി ഒരു വർഷം മുൻപ് മലേഷ്യയിലെത്തിയ യുവാവിന് കഴിഞ്ഞ ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു.