മുന്നറിയിപ്പ്: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നൽകിയത്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വന്‍ തോതില്‍ കുറഞ്ഞേക്കാം. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാലക്കാട് ജില്ലയില്‍ രാത്രി താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന ഉണ്ടായി.മഴ ലഭിക്കാതെ വന്നാല്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് കുറയുകയും ചെയ്യും. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്ന കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കല്‍ മേഖലയിൽ ഉൾപ്പെടുത്തി. ജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.