എച്ച്3എന്‍2 വൈറല്‍ പനി: രാജ്യത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു

ഡൽഹി: എച്ച്3എന്‍2 വൈറല്‍ പനിയെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക സ്വദേശിയും ഹരിയാന സ്വദേശിയുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് പനിയെത്തുടര്‍ന്ന് കര്‍ണാടകയിലെ ഹാസനില്‍ മരിച്ച 82കാരനായ ഹീരെ ഗൗഡയാണ് എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ വന്ന് രാജ്യത്ത് മരിക്കുന്ന ആദ്യത്തെയാള്‍. ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞ ഹരിയാന സ്വദേശിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊവിഡിന് സമാനമായ ലക്ഷണങ്ങളുള്ള ഹോങ്കകോംഗ് ഫ്ളൂ എന്നറിയപ്പെടുന്ന എച്ച്3എന്‍2 വൈറല്‍ ബാധയും എച്ച്1എന്‍1 രോഗബാധയും രാജ്യത്ത് മുന്‍പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 90 എച്ച്3എന്‍2 രോഗികളും എട്ട് എച്ച്1എന്‍1 രോഗികളും രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ ചുമ, പനി, വിറയല്‍,ശ്വാസ തടസം, ശരീരവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.