തിരുവനന്തപുരം: രാജ്യത്ത് പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും, അടിക്കടി വരുന്ന പനിക്കും ചുമയ്ക്കും കാരണം ഇന്‍ഫ്‌ളുവന്‍സ Aയുടെ ഉപവിഭാഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ആലപ്പുഴയില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മുതിര്‍ന്നവരും അനുബന്ധരോഗമുള്ളവരും വൈറസിന്മേല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു പറയുകയാണ് ആരോഗ്യ വിദഗ്ധര്‍. എല്ലാ വര്‍ഷവും ഈ സമയത്ത് ഇത്തരം ഇന്‍ഫ്‌ളുവന്‍സ വൈറസ് വ്യാപനം പ്രകടമാണെന്നും ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തത് രോഗവ്യാപനം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.. പൊതുയിടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചും കൈകള്‍ ഇടയ്ക്കിടെ കഴുകിയും സാമൂഹിക അകലം പാലിച്ചും രോഗത്തെ പ്രതിരോധിക്കാം. ഹൃദ്രോഗം, ക്രോണിക് റെസ്പിറേറ്ററി രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും മുതിര്‍ന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.