ബ്രഹ്മപുരം തീപിടുത്തം: എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എം എൽ എ ടി.ജെ.വിനോദിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഏതാണ്ട് പൂർണമായി അണച്ചതായാണ് കലക്ടർ റിപ്പോർട്ട് ചെയ്തതെന്നു മന്ത്രി നിയമസഭയെ അറിയിച്ചു. അഞ്ചാം തീയതി രണ്ട് കൺട്രോൾ റൂം എറണാകുളത്ത് തുറന്നു. ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. 9 മെഡിക്കൽ ക്യാംപുകൾ നടത്തി. അന്തരീക്ഷത്തിൽ പുക നിറഞ്ഞതിനെ തുടർന്ന് 851 പേർ ഇതുവരെ ആശുപത്രികളിലെത്തി. ഇതിൽ 82 പേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയവരാണ്. ആരോഗ്യവിവരങ്ങൾ മനസിലാക്കാൻ ഫീൽഡുതല സർവേ നടത്തും. മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ ഇന്നു മുതൽ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.