സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി ഛവി മിത്തല്‍. രോഗം സ്ഥിരീകരിക്കപ്പെട്ടതും സര്‍ജറിയും തുടര്‍ന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കാന്‍സറിനെ നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. സ്തനത്തില്‍ മൂന്നു മുഴകള്‍ ഉണ്ടെന്നും അത് കൂടുതല്‍ പരിശോധിക്കണമെന്നും പറഞ്ഞപ്പോള്‍ താന്‍ അത്ര കാര്യമാക്കിയെടുത്തില്ല എന്നു പറയുകയാണ് ഛവി. എന്നാല്‍ ഡോക്ടറുടെ നിര്‍ബന്ധത്തിനു ശേഷം ബയോപ്സി ചെയ്തപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും ആ ഡോക്ടറോട് എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഛവി പറയുന്നു. രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ഭയപ്പെട്ട് ഇരിക്കുകയായിരുന്നില്ല എന്നും സധൈര്യം നേരിടാന്‍ തയ്യാറെടുത്തിരുന്നു എന്നും ഛവി പറയുന്നു. ക്യാന്‍സര്‍ ബാധിതര്‍ക്ക് ആത്മവിശ്വാസം നല്കുന്ന വാക്കുകളായാണ് നടിയുടെ തുറന്നുപറച്ചിലിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.