സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫുമാരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

 

തിരുവനതപുരം :സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫുമാരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായി വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനാണ് ഇത്തരമൊരു കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഹാര ശീലങ്ങളില്‍ മാറ്റം കൊണ്ടുവന്നാല്‍ വളരെ പ്രയോജനം ലഭിക്കും. ഇതിനായി ഫുഡ് ബ്ലോഗര്‍മാര്‍ക്കും ഷെഫുകള്‍ക്കും അവരുടേതായ സംഭാവനകള്‍ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി അവബോധത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഭക്ഷണ സംസ്‌കാരം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സമീകൃത ആഹാരം ശീലമാക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിലും ഫുഡ് ബ്ലോഗര്‍മാര്‍ക്കും ഷെഫുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.