അബുദാബി: മോഷണങ്ങള്‍ ഒഴിവാക്കുന്നതിന് യാത്രാവിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതില്‍നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. യു.എ.ഇ.യില്‍ അവധിക്കാലയാത്രകള്‍ സജീവമായതോടെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ബോര്‍ഡിങ് പാസ്, വിമാനത്തിലെ ചിത്രങ്ങള്‍, സ്ഥലത്തിന്റെ പേര്, ചെലവഴിക്കാനുദ്ദേശിക്കുന്ന ദിവസങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് പലരും യാത്രചെയ്യുന്നത്. ബോഡിങ് പാസുകളിലെ ബാര്‍കോഡുകള്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ ഓരോ വ്യക്തിയുടെയും വീട്, വാഹനം, സ്ഥാപനം എന്നിവ കവര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ യാത്രാവിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഒരു വ്യക്തി യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും വീട്ടില്‍ മോഷണംനടന്ന സംഭവത്തില്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ വീട്ടുടമയും കുടുംബവും വിദേശയാത്ര പോയതായി ഫെയ്‌സ്ബുക്കിലൂടെയാണ് മനസ്സിലാക്കിയതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നതായി അധികൃതര്‍ അറിയിച്ചു.