മസ്കറ്റ് : വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ മുഖേനെ കൈമാറാൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. അടിസ്ഥാന സേവനങ്ങൾ ഓൺലൈനാക്കുകയെന്ന ഒമാൻ ഗവൺമെൻറിന്റെ നയ പ്രകാരമാണ് പുതിയ സൗകര്യം ഏർപെടുത്തിയിരിക്കുന്നത്. ഒമാനിൽ വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്കും ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനായി കൈമാറാവുന്നതാണ്. റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴി സേവനം ലഭ്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു. ഇങ്ങനെ വാഹന ഉടമസ്ഥത മാറ്റുന്നതിന് കാലാവധിയുള്ള ലൈസൻസ് ഉണ്ടാവണം. സിവിൽ സ്റ്റാറ്റസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത പ്രവർത്തനക്ഷമമായ ഫോൺ നമ്പർ ഉണ്ടെന്ന് വാങ്ങുന്നയാൾ ഉറപ്പാക്കണം. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ്, വാണിജ്യ വാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും ഓൺലൈനായി ഉടമസ്ഥത മാറ്റാം.