മനാമ: ബഹ്റൈനില്‍ തൊഴില്‍, താമസ നിയമം ലംഘിച്ച പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. കഴിഞ്ഞ ദിവസം ദക്ഷിണ ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്.എ അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രാജ്യത്തെ നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വിഭാഗത്തിന്റെയും സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയാണ് പരിശോധനകള്‍.
പ്രവാസികള്‍ ജോലി ചെയുന്ന സ്ഥലങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു. നിരവധി നിയമലംഘനങ്ങൾ പരിശോധനയില്‍ കണ്ടെത്തിയെന്ന് എല്‍.എം.ആര്.എ അറിയിച്ചു. തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരെയും കണ്ടെത്തി. ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരങ്ങൾ കൈമാറി.വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധന രാജ്യത്ത് തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും എല്‍.എം.ആര്.എ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ മേഖലയിലെ നടപടികള്‍ സുതാര്യമാക്കാനും നിയമപരമായി നിലനിര്‍ത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികളില്‍ പൊതുജനങ്ങളുടെ പിന്തുണയും അധികൃതര്‍ തേടിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.bhല്‍ നല്‍കിയിട്ടുള്ള ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ വിളിച്ചോ വിവരം അറിയിക്കാം.