ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെ എഴുന്നൂറോളം സേവനങ്ങള്‍ ഓണ്‍ലൈനാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി സംബന്ധമായ സേവനങ്ങള്‍ സുഗമമവും സുതാര്യവുമാക്കുന്നതിനാണ് ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തിലെ ചെറിയ മാറ്റങ്ങള്‍പോലും ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ വകുപ്പിനെ നവീകരിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കുന്ന നടപടികള്‍ക്കു പ്രാധാന്യം നല്‍കണം. മതിയായ ഭൂരേഖകള്‍ ലഭ്യമാകാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കണം. കൈവശാവകാശ രേഖകള്‍ കൃത്യതയോടെയും സുതാര്യതയോടെയും ലഭ്യമാക്കണം. ഭൂമി തരംമാറ്റുന്നതു സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരമായി തരംമാറ്റുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനാക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭൂരേഖ ലഭ്യമാക്കുന്നതു സംബന്ധിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരം ഇടപെടലുകളിലൂടെ പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്കു മതിയായ രേഖകളില്ലാത്തവരെ കണ്ടെത്താനും ഭൂരേഖ ലഭ്യമാക്കാനുമാണു സര്‍ക്കാരിന്റെ ശ്രമം. യുണീക് തണ്ടപ്പേര്‍ എന്ന ആശയം രൂപപ്പെടുന്നത് ഇതിന്റെ ഭാഗമായിക്കൂടിയാണ്. ഒരു പൗരന് ഒരു തണ്ടപ്പേര്‍ ആകുന്നതോടെ കൃത്രിമം, ഇരട്ടിപ്പ് തുടങ്ങിയവ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാകും. റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്‌റ്റ്വെയറില്‍ യുണീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതിനുള്ള മൊഡ്യൂള്‍ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫിസുകളിലും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭ്യമാകുന്ന ഒടിപി ഉപയോഗിച്ച് ഓണ്‍ലൈനായോ വില്ലേജ് ഓഫിസില്‍ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍ അതു പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് യുണീക് തണ്ടപ്പേര്‍ ലഭിക്കും. ഈ സംവിധാനം നടപ്പാകുന്നതോടെ ഒരു ഭൂ ഉടമയ്ക്കു സംസ്ഥാനത്തെ ഏതു വില്ലേജില്‍നിന്നും ഭൂമിയുടേയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടേയും വിവരങ്ങള്‍ ഒറ്റ തണ്ടപ്പേര്‍ നമ്പറില്‍ ലഭ്യമാകും. സര്‍ക്കാരിനെ സംബന്ധിച്ച് പരിധിയില്‍ക്കവിഞ്ഞ ഭൂമി ഒരാളുടെ കൈവശമുണ്ടെങ്കില്‍ അതു കണ്ടെത്താനുമാകും.
ഭൂരേഖകള്‍ കൃത്യവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാനും ഇതു സഹായിക്കും. യുണീക് തണ്ടപ്പേര്‍ യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ്, കാര്‍ഷിക സബ്‌സിഡികള്‍ തുടങ്ങിയവ ലഭിക്കുന്നതിനു വലിയ തടസങ്ങളുണ്ടാകില്ല. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറില്‍ സൂക്ഷിക്കാനാകും. ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ഭൂരിഭാഗം തടസങ്ങളും നീക്കുന്നതിനും കൂടുതല്‍ സുതാര്യത കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു വര്‍ഷംകൊണ്ടു കേരളത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ ഭൂസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതിനോടകം വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളെ ഇ-ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായി ക്യൂആര്‍ കോഡ് അധിഷ്ഠിതമായ ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യാനും വകുപ്പിന് കഴിഞ്ഞു. പട്ടയങ്ങളുടെ രേഖകള്‍ നഷ്ടപ്പെട്ടാലും വകുപ്പിന്റെ ഡിജിറ്റല്‍ ലോക്കറില്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ ആദ്യ യൂണിക് തണ്ടപ്പേര്‍ രസീത് ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായി. കൗണ്‍സിലര്‍ ജയചന്ദ്രന്‍ നായര്‍, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ. ബിജു, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, സബ്കളക്ടര്‍ എം.എസ്. മാധവികുട്ടി, ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.