ക്ലാസ് മുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ പുതിയ പരമ്പരകളുടെ ഉദ്ഘാടനവും ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ചിന്തകളും ഭരണഘടനാ മൂല്യങ്ങളും ലിംഗസമത്വവും ശാസ്ത്രീയ സമീപനവുമെല്ലാം ഉയർത്തിപ്പിടിക്കുന്നതിൽ ഊന്നൽ നൽകിയാകും പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക് തലത്തിലുള്ള പാഠപുസ്തകങ്ങൾ മാത്രമല്ല, ഓരോ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും വിജ്ഞാനവുംകൂടി വിദ്യാർഥികൾക്ക് പകർന്നു നൽകിയാലേ വിദ്യാഭ്യാസം പൂർത്തിയാകൂ. ഇതു മുൻനിർത്തി നാനാതുറകളിലുള്ള വിദഗ്ധരുടെ അനുഭവങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തുകയാണ്.
കോവിഡ്കാലത്ത് ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയടക്കം പകച്ചു നിന്നപ്പോൾ കേരളത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കൈറ്റ് വിക്ടേഴ്സ് ചാനൽ നൽകിയ കൈത്താങ്ങ് വലുതാണെന്ന് മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിന് വലിയശാലയിൽ കുടുതൽ സൗകര്യങ്ങളോടെ പുതിയ ആസ്ഥാന മന്ദിരം നിർമിക്കും. സ്‌കൂൾവിക്കിയിൽ മികച്ച രീതിയിൽ പേജുകൾ തയാറാക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകും. ഒന്നാം സമ്മാനമായി 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം ഒരു ലക്ഷം, 75000 രൂപ വീതവും നൽകും.
ജില്ലാതലത്തിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം നൽകുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടത്തിയ സംസ്ഥാനമെന്ന ഖ്യാതി നേടാൻ കേരളത്തിന് കഴിഞ്ഞതായി ചടങ്ങിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ തുടക്കംമുതൽ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അതിനെ എത്തിക്കാൻ കഴിഞ്ഞതിന്റെ നേട്ടംകൂടിയാണിത്.
‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരങ്ങളുടെ മാതൃകയിൽ വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവിനെ സർഗാത്മകമായി പ്രയോജനപ്പെടുത്താൻ തുടർന്നും കഴിയണം. മയക്കുമരുന്ന് അടക്കമുള്ള തെറ്റായ പ്രവണതകളിലേക്കു കുട്ടികൾ പോകുന്നത് തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.