പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളിൽ ഏർപ്പെടുന്നതിനോ പങ്കാളിക്കൊപ്പം താമസിക്കുന്നതിനോ രണ്ടുംകൂടി ചേർത്തോ സർവീസ് കാലയളിൽ ഇനി മുതൽ പരമാവധി അഞ്ചു വർഷമേ ശൂന്യവേതനാവധി അനുവദിക്കൂ. ഇതു സംബന്ധിച്ച് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കു വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളിൽ ഏർപ്പെടുത്തുന്നതിനും പങ്കാളിക്കൊപ്പം താമസിക്കുന്നതിനും അനുവദിച്ചുവരുന്ന ശൂന്യവേതനാവധി ഇരുപതിൽനിന്നു പരമാവധി അഞ്ചു വർഷമാക്കി നിജപ്പെടുത്തിയിരുന്നു. ഇതു പൊതുമേഖലാ സ്ഥാപനങ്ങളിലും അനിവാര്യമായതു മുൻനിർത്തിയാണു സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. (സർക്കുലർ നം. : PLGEA-BPE1/12/2021/PLGEA, തീയതി – 23/11/2021)