സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കുന്നതാണ്.

  • ആദ്യഘട്ടത്തില്‍ ക്ലാസുകൾ രാവിലെ ക്രമീകരിക്കുന്നതാണ്.
  • കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല.
  • ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല.
  • എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.
  • സ്‌കൂള്‍തല ഹെല്‍പ്പ്‌ലൈന്‍ ഏർപ്പെടുത്തണം.
  • ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കും.
  • പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം.
  • സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരും.
  • സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.