മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവും നൽകുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗാന്ധിജയന്തി ദിനത്തിൽ എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ് നൽകാനും കെഎംആർഎൽ തീരുമാനിച്ചു. കൊച്ചി വൺ കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും.
ശനിയാഴ്ചകളിൽ യാത്രക്കാർ കൂടുന്നതുകൊണ്ടും വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം ഞായറാഴ്ചകളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതു കൊണ്ടും ശനി, ഞായർ ദിവസങ്ങളിൽ മെട്രോയുടെ സമയം മാറ്റുന്നതിന് തീരുമാനിച്ചതായി കെഎംആർഎൽ അറിയിച്ചു.
പുതുക്കിയ ട്രെയിൻ സമയം;
- പ്രവർത്തി ദിവസങ്ങളിലെപോലെ ശനിയാഴ്ചകളിൽ, തിരക്കുള്ള സമയത്ത് 08 മിനിറ്റ് 15 സെക്കന്റും നോൺ-പീക്ക് സമയത്ത് 10 മിനിറ്റിന്റെ ഇടവേളകളിലുമായിരിക്കും ട്രെയിൻ സർവീസ്.
- ഞായറാഴ്ചകളിൽ, നിലവിലുള്ള 15 മിനിറ്റ് ഇടവേളക്ക് പകരം 10 മിനിറ്റ് ഇടവേള ആയിരിക്കും.
- സാമൂഹിക അകലം പാലിക്കുന്നതിനായി യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവ് പരിഹരിക്കുന്നതിന് കൂടുതൽ ട്രെയിനുകൾ സ്റ്റാൻഡ്‌ബൈ ആയി സൂക്ഷിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
കൊച്ചി മേട്രോ ട്രെയിനുകൾ ഇനി അറിയപ്പെടുക നദികളുടെ പേരുകളിലും കാറ്റിന്റെ പര്യായ പദങ്ങളിലും. ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള റെഗുലർ ട്രെയിനുകൾക്ക് പേര് നൽകുന്ന മാതൃകയിലാണ് മെട്രോ ട്രെയിനുകൾക്കും പേര് നൽകിയിരിക്കുന്നത്. 25 ട്രെയിനുകൾക്കും പേരുകളായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോ സർവീസിന് കീഴിലുള്ള ട്രെയിനുകൾക്ക് പേര് നൽകുന്നതെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഗംഗ, യമുന, ബ്രഹ്മപുത്ര, പമ്പ, പെരിയാർ, ഭാരതപ്പുഴ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സംസ്ഥാനത്തെയും പ്രമുഖ നദികളുടെ പേരുകളാണ് ഏറെക്കുറെയും നൽകിയിരിക്കുന്നത്. ഇതോടൊപ്പം, കാറ്റിന്റെ പര്യായ പദങ്ങളായ വായു, മാരുത് എന്നിവയും ട്രെയിനുകളുടെ പേരുകളായി.