‘ഇ’- നിയമസഭാ പ്രൊജക്ട് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിക്കും

കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ’- നിയമസഭാ പ്രൊജക്ട് ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്തുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും ഇ- നിയമസഭാ പദ്ധതി നടപ്പിലാകുന്നതോടെ കടലാസ് രഹിതമാകും. കോവിഡ് വ്യാപനത്തില്‍ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തില്‍ സഭയുടെ സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്‌കരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.