സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയായ ‘ഇൻസ്പിറേഷൻ 4’ ഏറെ ശ്രദ്ധ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാല് പേരടങ്ങുന്ന സംഘമാണ് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചത്.
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ ക്യാപ്സ്യൂളിൽ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്. സ്പേസ് സെന്ററിൽ നിന്നും ഉയർന്ന പേടകം ഭ്രമണപഥത്തിലെത്താൻ പത്ത് മിനിറ്റേ വേണ്ടിവന്നുള്ളു. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റർ പേടകത്തിന്റെ പകുതിയിൽ നിന്ന് വേർപെട്ട ശേഷം അറ്റ്ലാന്റിക്കിലെ ലാൻഡിംഗ് പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.
ഇന്ന് രാവിലെ 5:30 (ഇന്ത്യൻ സമയം) നായിരുന്നു വിക്ഷേപണം. സംഘം മൂന്ന് ദിവസത്തെ യാത്ര പൂർത്തിയാക്കിയ ശേഷം അറ്റ്ലാന്റിക്കിൽ തിരിച്ചിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഐസക്മാനോടൊപ്പം സിയാൻ പ്രോക്ടർ (51), ഹെയ്‌ലി ആർസീനക്സ് (29), ക്രിസ് സെംബ്രോസ്‌കി (42) എന്നിവരാണ് സംഘത്തിലുള്ളത്.