റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ന് തുടക്കം. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലേയും അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റലൈസ് ചെയ്യുന്നതോടെ റീസർവ്വെ, ഭൂമി ഏറ്റെടുക്കൽ മുതലായവയുടെ വേഗത വർദ്ധിക്കുകയും കോടതി, ബാങ്കുകൾ എന്നിവയ്ക്ക് ഡേറ്റ ഉപയുക്തമാക്കുന്നതിനും കഴിയും.
ഡിജിറ്റൽ സേവനങ്ങൾ;
- ഇ-പേയ്‌മെന്റ് ആപ്ലിക്കേഷൻ, ഫീൽഡ്‌മെഷർമെന്റ് സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഓൺലൈനായി ലഭിക്കുന്നതിനുള്ള മോഡ്യൂൾ
- ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാനുള്ള മോഡ്യൂൾ
അടിസ്ഥാന നികുതി രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം - വില്ലേജ് ഓഫീസുകൾക്ക് വെബ്‌സൈറ്റ്
- റവന്യൂ ഇ-സർവീസ് പോർട്ടൽ നവീകരണം
- ക്വിക് പേ സംവിധാനം
- സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നൽകുന്നതിനുള്ള ഓൺലൈൻ മോഡ്യൂൾ
വില്ലേജ് ഓഫീസുകൾ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി മൊബൈൽഫോൺ മുഖേന അനായാസം ഒടുക്കുന്നതിനുള്ള സംവിധാനമാണ് ഇ-പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ യാഥാർത്ഥ്യമാകുന്നത്. ഓരോവർഷവും ഒടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകുന്നതിനും ഒടുക്കിയ ഭൂനികുതി രസീത് ഏത് സമയത്തും ഡൗൺലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. നെറ്റ് ബാങ്കിംഗ്, യുപിഐ സംവിധാനങ്ങളിലൂടെ നികുതി ഒടുക്കുന്നതിനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.
സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയ വില്ലേജുകളിൽ എഫ്എംബി സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓൺലൈനായി സമർപ്പിക്കുന്നതിനും അനുവദിക്കുന്ന സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ മോഡ്യൂളിലൂടെ സാധിക്കും.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഓൺലൈൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അപേക്ഷയുടെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കാൻ കഴിയുന്നതിനൊപ്പം അപാകതകളും ഓൺലൈനായി പരിഹരിക്കാനാകും.
പ്രാദേശിക വികസനങ്ങൾക്കുള്ള ഉപാധികളായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്‌സൈറ്റ് ഒരുക്കുന്നത്. പൊതുജനങ്ങൾക്ക് നികുതികളും വിവിധ ഫീസുകളും അടയ്ക്കുന്നതിന് ഇ-സർവീസ് പോർട്ടൽ നവീകരിച്ച് ‘ക്വിക്‌പേ’ എന്ന സംവിധാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. അർബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതർക്ക് പെൻഷൻ നൽകുന്ന നിലവിലെ സംവിധാനവും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. യൂണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.