ദുബായ്: കൂടുതൽ സ്വദേശികളെ നഴ്സിങ് മേഖലയിൽ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും. നഴ്സിങ്-മിഡ്വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കം കുറിച്ചിരുന്നു.
5 വർഷം കൊണ്ട് 10% സ്വദേശിവൽകരണം ആണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിൽ ഉൾപ്പെടുന്നവ;
- നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം ബോണസ് നൽകും.
- നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു.
- സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ ശമ്പളം ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ് നൽകും.
- ജോലി നഷ്ടപ്പെടുന്ന സ്വദേശികൾക്ക് 6 മാസംവരെ സാമ്പത്തിക സഹായം.
- സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം 2% എന്ന തോതിൽ 5 വർഷത്തേക്ക് സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം.