സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ ബോധപൂര്‍വമായ പരിശോധന കിറ്റക്സില്‍ നടത്തിയിട്ടില്ല: മന്ത്രി പി. രാജീവ്

സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്റംഗമായ ബെന്നി ബഹനാന്‍ നല്‍കിയ പരാതി, പി. ടി. തോമസ് എം.എല്‍.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്‍കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്സ് ഉന്നയിച്ചത്. അവ പൂര്‍ണ്ണമായും വസ്തുതാ വിരുദ്ധമാണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്. യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്.

കിറ്റക്സില്‍ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികള്‍ ഉന്നയിക്കുന്നതിനുള്ള ടോള്‍ ഫ്രീ സൗകര്യം മുതല്‍ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരില്‍ സമീപിക്കാനുള്ള സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല. പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജൂണ്‍ 28 ന് കിറ്റക്സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്നം തിരക്കുകയും ചെയ്തു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്കി. ജൂണ്‍ 29 ന് നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീര്‍ക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താത്പര്യം വ്യക്തമാക്കേണ്ടതും അദ്ദേഹമാണെന്ന് മന്ത്രി പറഞ്ഞു. കിറ്റക്സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകും.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. അസന്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ല. 540.16 കോടി രൂപയുടെ 19 പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി. 7223 കോടി രൂപയുടെ 60 പദ്ധതികള്‍ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് 41 പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 28 പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു. അസന്റില്‍ ഒപ്പു വെച്ച 148 ല്‍ 19 പദ്ധതികളും (12.83%) പ്രവര്‍ത്തനം ആരംഭിച്ചു. 52 ശതമാനം പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. 27.7 ശതമാനം പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു. 18.9 ശതമാനം ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ ആക്റ്റിന്റേയും തുടര്‍ച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാന്‍ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രിസഭാ യോഗം അംഗീകാരം നല്കും.
പി.എന്‍.എക്‌സ് 2164/2021