കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.

ടി.പി.ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തില്‍, അഞ്ചു മുതല്‍ 10 വരെ ബി വിഭാഗത്തില്‍, 10 മുതല്‍ 15വരെ സി വിഭാഗത്തിലും, 15ന് മുകളില്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി വേര്‍തിരിക്കും. ജൂലൈ 7 ബുധനാഴ്ച മുതല്‍ ഈ പട്ടിക പ്രകാരം ആയിരക്കും നിയന്ത്രണം. എ, ബി, സി, ഡി വിഭാഗങ്ങളില്‍ യഥാക്രമം 82, 415, 362, 175 എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം.

എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനങ്ങളോടെ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. ശാരീരിക സമ്പര്‍ക്കമില്ലാതെ ഇന്‍ഡോര്‍ ഗെയിമുകളും ജിമ്മുകളും പ്രവര്‍ത്തിക്കാം. എന്നാല്‍ എ.സി ഉപയോഗിക്കാന്‍ പാടില്ല. ഒരേ സമയം 20 പേരില്‍ കൂടുതല്‍ പാടില്ല.

വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വാക്‌സിന്‍ സ്വീകരിച്ചവര്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ഉള്ളവര്‍ എന്നിവര്‍ക്കാകും താമസത്തിന് അനുവദി ഉണ്ടായിരിക്കുക. കോവിഡ് വ്യാപന തോത് ഇനിയും കുറഞ്ഞാല്‍ മാത്രമേ മറ്റ് ഇളവുകള്‍ പ്രഖ്യാപിക്കുകയുള്ള.