സംസ്ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പൂർണ രീതിയിൽ ആകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒൻപത് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനം വാക്‌സിൻ പ്രതിസന്ധിയിലായിരുന്നു. 8,97,870 ഡോസ് കോവിഷീൽഡ് വാക്‌സിനും 74,720 ഡോസ് കോവാക്സിനുമാണ് ഇന്നലെ എത്തിയത്.
റീജിയണൽ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കെത്തിക്കാനുള്ള എല്ലാ നടപടികളും ഇന്നലെ തന്നെ സ്വീകരിച്ചു. ഇന്നലെ എത്തിയ വാക്‌സിൻ നാല് ദിവസത്തേക്ക് കൂടി ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഒരു കോടി തൊണ്ണൂറ് ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ നൽകിയത്.
വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസവും കോവിഡ് രോഗികളുടെ എണ്ണം 20000 ന് മുകളിലായിരുന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തി. മലപ്പുറത്തെയും തൃശൂരിലെയും സ്ഥിതി അതീവ ഗുരുതരമാണ്.