കൊച്ചി: ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള കവച് പേഴ്‌സണല്‍ ലോണുകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം.
25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ. നിലവില്‍ വായ്പകള്‍ ഉണ്ടെങ്കില്‍ അതിനു പുറമേയായിരിക്കും ഈ ടേം വായ്പ അനുവദിക്കുക. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക.
2021 ഏപ്രില്‍ ഒന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആയ ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈട് ഇല്ലാതെയാണ് ഇവ നല്‍കുന്നത്. 8.5 ശതമാനം എന്ന ചുരുങ്ങിയ പലിശ നിരക്കായിരിക്കും എസ്ബിഐ കവച് പേഴ്‌സണല്‍ ലോണുകള്‍ക്കു ബാധകം. ജൂണ്‍ 11 മുതലാണ് എസ്ബിഐ ഇത് ലഭ്യമാക്കിയത്.