കാസര്‍ഗോഡ് : കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുള്‍പ്പെടെ അമിത വില ഈടാക്കി വില്‍പന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഉള്ളതായി പരിശോധനകളില്‍ കണ്ടെത്തി. സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം വില നിയന്ത്രണം വന്നെങ്കിലും എന്‍ 95 മാസ്‌കിന് ഉള്‍പ്പെടെ അധിക വില ഈടാക്കുന്നതായും കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളില്‍ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 13 കേസുകളും മാസ്‌കുമായി ബന്ധപ്പെട്ടാണ്.
കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ അമിതവില, നിയമവിധേയമല്ലാത്ത പായ്‌ക്കേജുകളുടെ വില്‍പ്പന, സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് അധിക വില ഈടാക്കല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനായി ജൂണ്‍ ആദ്യവാരം 131 സ്ഥാപനങ്ങളിലാണ് ലീഗല്‍ മെട്രോളജി പരിശോധന നടത്തിയത്.
കോവിഡ് പടരുന്നതിനിടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും, മറ്റ് അവശ്യ സാധനങ്ങളുടെയും വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലായിരുന്നു ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സ്‌ക്വാഡ് രൂപീകരിച്ചുള്ള പരിശോധന.
ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ നാല് കേസുകളെടുത്തു. 50 കിലോഗ്രാം അരിയില്‍ അഞ്ച് കിലോയുടെയും എട്ട് കിലോ അരിയില്‍ മൂന്ന് കിലോയും തൂക്കം കുറച്ച് ഗുണഭോക്താവിന് നല്‍കിയതിന് രണ്ട് കേസുകളാണ് എടുത്തത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലയളവിലും ജില്ലയില്‍ 14 റേഷന്‍ കടകള്‍ക്കെതിരെ അളവില്‍ കൃത്രിമം കാണിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ പി. ശ്രീനിവാസ, എസ്.എസ്.അഭിലാഷ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ കൃഷ്ണകുമാര്‍ ടി.കെ, ഇന്‍സ്‌പെക്ടര്‍മാരായ എം രതീഷ്, ശശികല കെ, രമ്യ കെ.എസ്, ജീവനക്കാരായ പവിത്രന്‍, ശ്രീജിത്ത്, റോബര്‍ട്ട് പെര, ഷാജി, മുസ്തഫ ടി.കെ.പി, അജിത്ത് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.