കാസര്‍ഗോഡ് : മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി ‘കാവലാള്‍ പദ്ധതി’ ശ്രദ്ധേയമാകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന് കാവലാളായി ഒരു കുടുംബശ്രീ പ്രവര്‍ത്തക എന്ന തോതിലാണ് കാവലാളിന്റെ സേവനം ലഭ്യമാകുന്നത്. കോവിഡ് കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണസാധനവും എത്തിക്കുന്നതോടോപ്പം അവര്‍ക്ക് ഏതൊരാവശ്യത്തിനും കാവലാള്‍ കൂടെയുണ്ട്. മടിക്കൈ പഞ്ചായത്തില്‍ 259 കുടുംബശ്രീകളാണുള്ളത്. ഒരു കുടുംബശ്രീ യുണിറ്റില്‍ 20 അംഗങ്ങളുണ്ടെങ്കില്‍ നാല് കാവലാള്‍ എന്ന രീതിയിലാണ് പ്രവര്‍ത്തനം.
പഞ്ചായത്ത് തല ജാഗ്രതസമിതി, വാര്‍ഡ് തല ജാഗ്രതസമിതി, 50 കുടുംബങ്ങള്‍ അടങ്ങിയ ക്ലസ്റ്റര്‍, അഞ്ച് കുടുംബങ്ങള്‍ക്കായി കാവലാള്‍ എന്നിങ്ങനെയാണ് മടിക്കൈ പഞ്ചായത്തിലെ ജാഗ്രതപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തുടക്കത്തില്‍ കോവിഡിനോട് അനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാവലാള്‍ ഇന്ന് പഞ്ചായത്തിലെ ഓരോ വീടുകളിലും നടപ്പാക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുടെ പുരോഗമനവും വിലയിരുത്തും. ഇതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായ കാര്യങ്ങള്‍ മുകള്‍ത്തട്ടിലേക്ക് കൈമാറും.
കുടുംബങ്ങളിലെ ആളുകളുമായി സൗഹൃദം പങ്ക് വെയ്ക്കാനും അവരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും അവ പരിഹരിക്കാനും കാവലാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും പ്രത്യക ശ്രദ്ധ നല്‍കുന്നു. കൗണ്‍സിലിംഗ്, സ്ത്രീസുരക്ഷ തുടങ്ങിയവ ആവശ്യമായ ഘട്ടത്തില്‍ വിദഗ്ദരുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇവര്‍ നല്‍കും. സ്വന്തം അയല്‍വക്കത്തെ വീടുകള്‍ തന്നെയാണ് കാവളിന് ചുമതല ലഭിക്കുക. പദ്ധതിയിലൂടെ കുടുംബങ്ങളെ അടുത്തറിയുന്നതിനാല്‍ ഇവര്‍ക്ക് അടിസ്ഥാന തലത്തിലെ വിവരങ്ങള്‍ ശേഖരിച്ച് മികച്ച രിതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും ഇത് പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കുടുതല്‍ വിജയത്തിലെത്തിക്കുമെന്നും മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത പറഞ്ഞു.