ശനിയാഴ്ച മുതല്‍ കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. തട്ടുകടകള്‍ ലോക്ക് ഡൗണ്‍ കാലത്ത് തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.
ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നത്തെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. വെളിയില്‍ പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, ടിവി കാണല്‍, പ്രാര്‍ത്ഥന എന്നിവ ഒറ്റയ്ക്കോ പ്രത്യേക മുറിയിലോ ആവുന്നതാണ് നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമാക്കണം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്തു വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഓക്സിജന്‍ കാര്യത്തില്‍ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാന്‍ വാര്‍ റും ഉണ്ടാകും. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും. ലോക്ഡൗണ്‍ കാലത്ത് ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പോലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും.
വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്റെ നോഡല്‍ ഓഫീസര്‍. സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇത്തവണ പാസ് ഏര്‍പ്പെടുത്തിയിട്ടില്ല.
അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങി ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട പുരോഹിത•ാര്‍ക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതണം.18-45 വയസ്സ് പരിധിയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ കഴിയില്ല. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെയും മറ്റും പരിശീലനം നല്‍കി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.