സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരുമായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികള്‍ക്ക് അതത് ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രിയില്‍ എത്തുന്ന കോവിഡ് ലക്ഷണങ്ങളുള്ളവരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാക്കണം. റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മേരിമാതാ സ്‌കൂള്‍, കോന്നി ഐ.എം.എ ഹാള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കും. 45 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് വാക്സിന്‍ നല്‍കുക.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷമി, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ് നന്ദിനി, ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ഐ.എം.എ, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, പരുമല സെന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റല്‍, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റല്‍, തിരുവല്ല ടി.എം.എം ഹോസ്പിറ്റല്‍, റോട്ടറി ക്ലബ് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.