കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് വൈറസ് ബധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം റിപ്പോർട്ട് ചെയ്യുന്നത്. 1619 പേർ കോവിഡ് ബാധിച്ച് മരിച്ചു. മരണ നിരക്ക് വർധിച്ചതോടെ പലയിടത്തും ശവ സംസ്‌കാരവും പ്രതിസന്ധിയിലാണ്. നിലവിൽ ഒന്നരക്കോടിയിലേറെപ്പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് അതി തീവ്രമായി വ്യാപിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിലെത്തിയ തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു. മധ്യപ്രദേശിൽ ഓക്‌സിജൻ ലഭിക്കാതെ പത്ത് കോവിഡ് രോഗികൾ മരിച്ചു. ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിൽ ഓക്‌സിജൻ പ്ലാന്റുകളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചു.
ജില്ലാ കോടതികളിൽ വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. കോവിഡ് മരണ നിരക്ക് വർധിച്ചതോടെ പലയിടത്തും ശവ സംസ്‌കാരവും പ്രതിസന്ധിയിലാണ്. ഇതിനിടെ ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് ഇൻഷുറൻസ് കേന്ദ്ര സർക്കാർ നിർത്തിവെച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി.