സുപ്രീംകോടതിയുടെ 48ാം ചീഫ് ജസ്റ്റിസ് – ജസ്റ്റിസ് എൻ. വി രമണ സ്ഥാനമേറ്റു

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ 48ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വളരെ കുറച്ചുപേരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്.

ആന്ധ്ര ഹൈക്കോടതിയിൽ 1983ലാണ് എന്‍.വി രമണ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുന്നത്. പിന്നീട് ആന്ധ്ര സർക്കാറിന്‍റെ അഡീഷനൽ അഡ്വക്കറ്റ് ജനറലായി. പിന്നിട്ട നാൾവഴികളിൽ സുപ്രീംകോടതിയിലെ സീനിയോരിറ്റിയിൽ രണ്ടാമതെത്തിയ അദ്ദേഹം 2014 ഫെബ്രുവരി ഏഴിന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ സർവീസിൽ നിന്ന് വിരമിച്ചത് വെള്ളിയാഴ്ചയാണ്. ജുഡീഷ്യറിയിലെ അഴിമതി ആരോപണത്തിൽ ക്ലീൻ ചിറ്റ് നൽകിയാണ് എസ്.എ. ബോബ്ഡെ ജസ്റ്റിസ് എൻ.വി. രമണയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നാമനിർദേശം ചെയ്തത്.