നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ ബോധവത്കരണത്തിന് വിപുലമായ പ്രചാരണ പരിപാടികള്‍ നടപ്പാക്കുകയാണ് സ്വീപ്പ്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗികമായി തുടക്കമായി. സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങളുടെയും ഹരിത ഇലക്ഷന്റെയും ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ സാന്നിധ്യത്തില്‍ എഡിജിപി വിജയ് സാഖ്‌റേ നിര്‍വഹിച്ചു.
വോട്ടര്‍ ബോധവത്കരണ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫും ബോധവത്കരണ സന്ദേശമടങ്ങിയ ഹൈഡ്രജന്‍ ബലൂണ്‍ ലോഞ്ചും ചടങ്ങില്‍ നടന്നു. വോട്ടര്‍ ബോധവത്കരണത്തിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും എന്‍ഐസി സജ്ജമാക്കിയിട്ടുണ്ട്. ഈ സൈറ്റിലേക്കുള്ള ലിങ്കിന്റെ ക്യുആര്‍ കോഡിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. റീസൈക്കിള്‍ഡ് പേപ്പറിലാണ് ക്യുആര്‍ കോഡ് അവതരിപ്പിച്ചത്.
ഗ്രീന്‍ ഇലക്ഷന്‍ പുസ്തക പ്രകാശനവും ഇതോടൊപ്പം നടന്നു.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഈ പോര്‍ട്ടലില്‍ പ്രവേശിക്കാം. സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അടുത്തറിയുന്നതിനുമായാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ സ്വീപ്പിന്റെ നൂതന ക്യാമ്പയിന്റെ ഭാഗമായാണ് പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് കാലത്തെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ പരിമിതികളെ മറികടക്കുവാന്‍ ഉതകുന്നതാണ് ഈ ഓണ്‍ ലൈന്‍ സംവിധാനം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മതിദായകരെ
ബോധവത്ക്കരിക്കുന്നതിനായി നിരവധി വിഭവങ്ങളുമായാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെയും അതിന്റെ ജനാധിപത്യ പ്രക്രിയയെയും വിവരിക്കുന്നതിനൊപ്പം ഒരു സ്വയം പഠന-സര്‍ട്ടിഫിക്കേഷനും പോര്‍ട്ടല്‍ നല്‍കുന്നു. കേരളത്തിലെ വോട്ടര്‍മാര്‍ക്കും യുവ പൗരന്മാര്‍ക്കും സംവേദനാത്മക വീഡിയോ പാഠങ്ങളിലൂടെയും ചോദ്യാവലികളിലൂടെയും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അറിവ് പകര്‍ന്ന് നല്‍കാന്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവസരം ഒരുക്കുന്നു. https://ernakulam.nic.in/sveep/ എന്നതാണ് പോർട്ടലിലേക്കുള്ള ലിങ്ക്.
സിനിമ താരങ്ങളായ ഭാമ ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഗ്രീന്‍ ഇലക്ഷന്റെ ക്യാമ്പയ്ന്‍ ഔദോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വിശിഷ്ട വ്യക്തികള്‍ക്ക് ശുചിത്വ മിഷന്റെ ഹരിത ഇലക്ഷന്‍ തുണി സഞ്ചികള് വിതരണം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് തെയ്യം, ഫ്യൂഷന്‍ മ്യൂസിക് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.